തീരുവ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ലോകത്ത് ഏറ്റവും കൂടുതൽ തീരുവ പിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ട്രംപ് വിമർശിച്ചു.
ഇന്ത്യ അമേരിക്കയുമായി നല്ല രീതിയിൽ വ്യാപാരം നടത്തിയിരുന്നതായും, എന്നാൽ ഉയർന്ന തീരുവ ഈടാക്കിയിരുന്നതിനാൽ വർഷങ്ങളായി ആ ബന്ധം ഏകപക്ഷീയമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. താൻ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായതെന്നും ട്രംപ് ന്യായീകരിച്ചു. 200 ശതമാനം തീരുവ ചുമത്തിയിരുന്നതിനാൽ ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, അതുകൊണ്ട് ബൈക്ക് കമ്പനികൾക്ക് ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കേണ്ടിവന്നതായും ട്രംപ് ഉദാഹരണമായി പറയുന്നു. ഇപ്പോൾ അവർക്ക് ഉയർന്ന തീരുവ നൽകേണ്ടിവരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെയും ഉയർന്ന തീരുവ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഇന്ത്യയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഷാങ്ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റുമായും സംസാരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പുതിയ പ്രതികരണം. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ശ്രമിക്കുന്ന ഈ ഘട്ടത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.