+

രാജ്യത്ത് അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒഴിവാക്കിയവയില്‍ കേരളത്തില്‍ നിന്നുള്ള ആറ് പാര്‍ട്ടികളും ഉള്‍പ്പെടും. നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍ ), ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ( ബോള്‍ഷെവിക് ), സെക്കുലാര്‍ റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പാര്‍ട്ടികള്‍.

തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ആറ് വര്‍ഷമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതോ, രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പേര്, വിലാസം, ഭാരവാഹിത്വം തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയാലോ പട്ടികയില്‍ നിന്ന് പുറത്താവുമെന്നാണ് വ്യവസ്ഥ. സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യത്താകെ 334 പാര്‍ട്ടികള്‍ ഈ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ഈ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ഉത്തരവിറക്കിയത്.

facebook twitter