+

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം സി.ജി.എം കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ ഉയർന്നിരിക്കുന്ന പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്റെ പ്രധാന വാദം.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പരാതി നൽകിയതെന്നും ആഭ്യന്തര പരാതി പരിഹാര സമിതിയെ (ICC) സമീപിക്കാതെ നേരിട്ട് പൊലീസിനെ സമീപിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാൽ മാനുഷിക പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അപേക്ഷ.


അതേസമയം, കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സംഭവസ്ഥലമായ കാരവാനിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാനുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. കാരവാന്റെ പുറത്ത് മാത്രമാണ് സി.സി.ടി.വി ക്യാമറകളുള്ളത്. ഉള്ളിൽ ക്യാമറകളില്ലാത്തതിനാൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നത് അനിവാര്യമാണെന്നാണ് പൊലീസ് നിലപാട്.


രഞ്ജിത്തിനെ കുറ്റകൃത്യത്തിന് സഹായിച്ചുവെന്ന് കരുതുന്ന നടൻ ബോബി കുര്യൻ, സെറ്റിലുണ്ടായിരുന്ന സഹസംവിധായക ശാലിനി എന്നിവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് കഴിയുന്നത്. കോടതിയുടെ ഇന്നത്തെ തീരുമാനം കേസിൽ നിർണ്ണായകമാകും.



facebook twitter