സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്; ഗ്രാമിന് പതിനായിരത്തിനരികെ,15 രൂപ മാത്രം കുറവ്

05:24 PM Sep 08, 2025 | വെബ് ടീം

കൊച്ചി: സ്വർണ്ണവില വീണ്ടും പുതിയ റെക്കോർഡിലേക്ക്. രാവിലെ പവന് 80 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 400 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. പവന്‍ 79,880 രൂപ എന്ന സര്‍വകാല ഉയരം തൊട്ടു. രാവിലെ പത്ത് രൂപ കുറഞ്ഞ ഗ്രാമിന് ഉച്ചയ്ക്ക് 50 രൂപ വര്‍ധിച്ചു. 9,985 രൂപയാണ് ഒരു ഗ്രാമിന് വില. ഗ്രാമിന് 10,000 രൂപ എന്ന നാഴികകല്ല് പിന്നിടാന്‍ ഇനി 15 രൂപയുടെ വ്യത്യാസം മാത്രമെയുള്ളൂ. ഇത് അടുത്ത ദിവസം മറികടക്കാനാണ് സാധ്യത.

ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 10 രൂപ ഗ്രാമിനും, 80 രൂപ പവനും കുറഞ്ഞ് 9935 രൂപ ഗ്രാമിനും 79480 രൂപ പവനും വിലയായിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3584 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.21 ആയിരുന്നു.യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന വാർത്തകളാണ് സ്വർണ്ണവില വർദ്ധിക്കാൻ കാരണം.

വരുംദിവസങ്ങളിലും സ്വർണ്ണവില ഉയരാനാണ് സാധ്യത. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്വർണ്ണവില ഗ്രാമിന് 10060 രൂപയാണ്.