മലയാളത്തിൻ്റെ മഹാനടൻ തുടരും... പ്രിയ ലാലേട്ടൻ ഇന്ന് 66 ൻ്റെ നിറവിൽ

12:15 PM May 21, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

തലമുറകളുടെ വ്യത്യാസമില്ലാതെ മലയാളി സിനിമാ പ്രേക്ഷകരുടെ നെഞ്ചിൽ ഇടംപിടിച്ച അഭിനയവിസ്മയം മോഹൻലാലിന് ഇന്ന് 66-ാം ജന്മദിനം. പ്രിയ താരത്തിന്റെ പിറന്നാൾ സിനിമാ ലോകവും ലോകമെമ്പാടുമുള്ള ആരാധകരും ചേർന്ന് വലിയ ആഘോഷമാക്കുകയാണ്. നാല് പതിറ്റാണ്ടിലേറെയായി തന്റെ അസാധ്യമായ അഭിനയ ശൈലിയിലൂടെയും സ്വാഭാവിക സിദ്ധികളിലൂടെയും മോഹൻലാൽ മലയാളി മനസ്സുകളെ കീഴടക്കിക്കൊണ്ടിരിക്കുന്നു.

1960 മെയ് 21-ന് പത്തനംതിട്ടയിലെ ഇലന്തൂരിലാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായി മോഹൻലാൽ ജനിച്ചത്. തിരുവനന്തപുരം മോഡൽ സ്കൂളിലും എം.ജി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ബി.കോം ബിരുദധാരിയായ അദ്ദേഹം 1978-ൽ സുഹൃത്തുക്കൾക്കൊപ്പം ചെയ്ത 'തിരനോട്ടം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. എന്നാൽ സാങ്കേതിക തടസ്സങ്ങൾ കാരണം ഈ ചിത്രം റിലീസ് ചെയ്യാൻ വൈകി. പിന്നീട് 1980-ൽ പുറത്തിറങ്ങിയ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലെ 'നരേന്ദ്രൻ' എന്ന വില്ലൻ വേഷത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ ശക്തമായ ചുവടുവെപ്പ് നടത്തുന്നത്.


More News :

എൺപതുകളുടെ പകുതിയോടെ മലയാള സിനിമയുടെ സുവർണ്ണ നായകനായി മോഹൻലാൽ മാറി. 'നാടോടിക്കാറ്റ്', 'വന്ദനം', 'കിരീടം', 'ചിത്രം', 'ദശരഥം', 'മണിച്ചിത്രത്താഴ്', 'തൂവാനത്തുമ്പികൾ' തുടങ്ങി മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൂടെ ലാലേട്ടൻ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അനശ്വര പ്രതിഷ്ഠ നേടി. കരയുമ്പോൾ കൂടെക്കരയിപ്പിക്കാനും ചിരിക്കുമ്പോൾ കൂടെച്ചിരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.


രാജ്യം പത്മശ്രീ (2001), പത്മഭൂഷൺ (2019) പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ അദ്ദേഹം ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി അലങ്കരിക്കുന്ന ആദ്യ താരം കൂടിയാണ്. കൂടാതെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം തന്റെ മികച്ച സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.