കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട്, ഇടുക്കി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.
കനത്ത മഴയെ തുടർന്ന് വരും ദിവസങ്ങളിൽ നടത്താനിരുന്ന പി.എസ്.സിയുടെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ഓഗസ്റ്റ് 5, 6, 10 തീയതികളിൽ നടത്താനിരുന്ന എല്ലാ ഓൺലൈൻ ഒ.എം.ആർ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇതേ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ അളവിൽ നേരിയ കുറവുണ്ടായെങ്കിലും അതീവ ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും പുഴയോരങ്ങളിൽ ഉള്ളവരും മുൻകരുതൽ സ്വീകരിക്കണം. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശ മേഖലകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.