സ്ത്രീധനത്തിന്റെ പേരില്‍ കൊലപാതകം;26കാരിയെ തീ കൊളുത്തി കൊലപ്പെടുത്തി

01:07 PM Aug 24, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് 26-കാരിയെ തീകൊളുത്തി കൊലപ്പെടുത്തി. നിക്കി എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 36 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.

യുവതിയുടെ സഹോദരി കാഞ്ചന്റെ പരാതി പ്രകാരം, ഭർത്താവ് വിപിന്റെയും മാതാപിതാക്കളുടെയും മുന്നിൽ വെച്ചാണ് നിക്കിയെ തീകൊളുത്തിയത്. ഭർത്താവ് വിപിൻ, മാതാപിതാക്കളായ ദയ, സത്‌വീർ, സഹോദരൻ രോഹിത് എന്നിവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

"വിവാഹം കഴിഞ്ഞത് മുതൽ സഹോദരിയെ അവർ പീഡിപ്പിക്കുകയായിരുന്നു," സഹോദരി കാഞ്ചൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് കൊല്ലപ്പെട്ട നിക്കിയുടെ പിതാവ് ബികാരി സിംഗ് ആവശ്യപ്പെട്ടു. നീതി ലഭിക്കുന്നതിനായി അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിച്ചു.

2016-ലായിരുന്നു വിപിനും നിക്കിയും തമ്മിലുള്ള വിവാഹം. ഇവർക്ക് ആറ് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.