ലഖ്നൗ (യുപി): കോച്ചിംഗ് സെൻ്റർ പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലെ തീപിടിത്തത്തിൽ 15 പേർ വെന്തുമരിച്ചു. ഇതുവരെ 15 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ലഖ്നൗവിലെ അലിഗഞ്ചിൽ മൂന്ന് നില വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
അലിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉഷ മേത്ത മാർഗിലുള്ള കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് അഗ്നിശമന സേനയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
മൂന്നുനില കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റിടങ്ങളിലേയ്ക്ക് പടർന്നുപിടിക്കുകയായിരുന്നു.വാണിജ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ കോച്ചിംഗ് സെന്ററിനുപുറമെ പെറ്റ് ഷോപ്പ് ഉൾപ്പെടെയുള്ള കടകൾ പ്രവർത്തിച്ചിരുന്നു. തീപിടിത്തത്തിൽ നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി. അപകടത്തിനുപിന്നാലെ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന ഒന്നാം നിലയിൽ നിന്ന് ചാടിയ നിരവധിപ്പേർക്ക് പരിക്കേറ്റു. ഒരു മണിക്കൂറിലധികം നേരം തീ നീണ്ടുനിന്നിരുന്നു.സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും തീ നിയന്ത്രണവിധേയമാക്കി. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.