ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി; സെപ്‌തംബറിൽ തുടങ്ങില്ല

07:09 PM Jul 11, 2025 | വെബ് ടീം

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ അനിശ്ചിതത്വത്തിൽ. സെപ്‌തംബർ 14ന്‌ തുടങ്ങേണ്ട 2025–26 സീസൺ ആ ദിവസം തുടങ്ങിയേക്കില്ല എന്ന്‌ അധികൃതർ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്‌) ക്ലബ്ബുകൾക്കും ഇതുസംബന്ധിച്ച വിവരം ലീഗ്‌ നടത്തിപ്പുകാരായ എഫ്‌എസ്‌ഡിഎൽ കൈമാറി.ഫുട്‌ബോൾ സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റ്‌ ലിമിറ്റഡാണ്‌ (എഫ്‌ഡിഎസ്‌എൽ) ഐഎസ്‌എല്ലിന്റെ നടത്തിപ്പുകാർ.

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനുമായുള്ള (എഐഎഫ്‌എഫ്‌) മീഡിയ അവകാശ കരാർ (എംആർഎ) ഡിസംബറിൽ അവസാനിക്കുകയാണ്‌. ഇതുവരെ കരാർ പുതുക്കിയിട്ടില്ല. സാമ്പത്തിക പരാധീനതകൾക്കൊപ്പം ലീഗിനോടുള്ള കാണികളുടെ താൽപ്പര്യക്കുറവും തിരിച്ചടിയാണ്‌. ഈ കാരണങ്ങളാണ്‌ ലീഗ്‌ അനിശ്ചിതത്വത്തിലാകാൻ കാരണം.

ഐഎസ്‌എല്ലിന്റെ കഴിഞ്ഞ സീസണിൽ കാഴ്‌ചക്കാരുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്‌. 2014മുതൽ 2025വരെയുള്ള ഐഎസ്‌എല്ലിന്റെ പ്രവർത്തന ചെലവായി എഫ്‌ഡിഎസ്‌എല്ലിന്‌ 5000 കോടി രൂപ നഷ്ടം സംഭവിച്ചതായാണ്‌ കണക്ക്‌.ജൂലൈ 15ന്‌ ഡ്യൂറൻഡ്‌ കപ്പോടെയാണ്‌ ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്‌. സെപ്‌തംബറിൽ സൂപ്പർ കപ്പിന്‌ തുടക്കമാകും. തുടർന്നായിരുന്നു ഐഎസ്‌എൽ ആരംഭിക്കേണ്ടിയിരിക്കുന്നത്‌. സന്തോഷ്‌ ട്രോഫി ഡിംസബർ 15നാണ്‌ തുടങ്ങുക. ഫൈനൽ റൗണ്ട്‌ അടുത്ത വർഷം ജനുവരിയിലാണ്‌.