+

പോരാടി നേടിയ ഡിവോഴ്സ്, ബയോപ്സി റിസൾട്ടിൽ പണി കിട്ടി, സര്‍ജറിയ്ക്ക് ശേഷം ശബ്ദം പോയി, ഇടതുകൈ ദുർബലമായി’; ജുവൽ മേരി

ജീവിതം വല്ലാതെ പതിയെ ആയിപ്പോയ കാലത്തെ കുറിച്ചും അക്കാലത്ത്  നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയാണ് അവതാരകയും നടിയുമായ ജുവൽ മേരി.തിരക്കിൽ നിൽക്കവേ ഇടയ്ക്ക് സിനിമയിൽ നിന്നും ടെലിവിഷനിൽ നിന്നും ഇടവേള എടുത്തതിന്റെ കാരണം പറയുകയായിരുന്നു ജുവൽ. 2023ൽ തനിക്ക് കാൻസർ ബാധിച്ചിരുന്നുവെന്നും താനിപ്പോൾ വിവാഹമോചിതയാണെന്നും ജുവൽ പറയുന്നു. വിവാഹ മോചിതയായി ജീവിതം ആസ്വദിക്കാൻ തുടങ്ങവെയാണ് രോഗം പിടിപെട്ടതെന്നും താരം പറയുന്നു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജുവൽ മേരി മനസുതുറന്നത്‌.

'ഒറ്റ വാക്കില്‍ പറയാം. ഞാന്‍ വിവാഹിതയായിരുന്നു. പിന്നീട് വിവാഹമോചിതയായി. 2021 മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹമോചനം ലഭിച്ചു. ഒരുപാട് പോരാടിയാണ് അതിലേക്കെത്തിയത്. പലരും ഡിവോഴ്‌സ് എളുപ്പമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല. ഞാന്‍ പൊരുതി വിജയിച്ചതാണ്. മൂന്ന് നാല് വര്‍ഷം ഇതിനായി പോരാടി. മ്യൂച്ചല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. മ്യൂച്ചല്‍ കിട്ടാന്‍ ഞാന്‍ കുറേ കാലം നടന്നു. പക്ഷേ നടന്നില്ല. ഒടുവില്‍ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹമോചനമാണ്. അതിനാല്‍ ഇതിനെ പോരാട്ടം എന്ന് തന്നെ പറയാം.'-ജുവല്‍ അഭിമുഖത്തില്‍ പറയുന്നു.ഇതിനുശേഷം ജീവിതം ആസ്വദിച്ചു തുടക്കിയപ്പോഴാണ് അര്‍ബുദത്തിന്റെ രൂപത്തില്‍ അടുത്ത പ്രതിസന്ധി ജുവലിന്റെ മുന്നില്‍ വന്ന് നിന്നത്. 'ഇനിയെങ്കിലും ജീവിതമൊന്ന് ആസ്വദിക്കണം എന്നാണ് കരുതിയത്. അങ്ങനെയിരിക്കെ ലണ്ടനില്‍ ഒരു ഷോയ്ക്ക് പോയി. ഒരു മാസം അവിടെ കറങ്ങി. അവിടെ സുഹൃത്തുക്കളുണ്ട്‌. അവരെ കാണാന്‍ പോയി. ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും സ്‌കോട്ട്ലന്‍ഡിലും പോയി. നല്ല ഹരം പിടിപ്പിക്കുന്ന, ഒറ്റയ്ക്കുള്ള യാത്ര. സന്തോഷത്തിന്റെ പാരമ്യമായിരുന്നു അത്. എന്റെ ആ ബര്‍ത്ത് ഡേ ആഘോഷിക്കുന്നത് ലണ്ടനിലാണ്.

അതെല്ലാം കഴിഞ്ഞ് നാട്ടിലെത്തി. കൈയിലുള്ള കാശൊക്കെ പൊട്ടിച്ചാണ് തിരികെ വരുന്നത്. ഇനിയും ജോലി ചെയ്യുമെന്ന് അറിയാം. ഏഴ് വര്‍ഷമായി തൈറോയ്ഡിന്റെ പ്രശ്നമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഭാരത്തില്‍ വ്യത്യാസമുണ്ടാകും. കൂടെ ഇന്റേണല്‍ ട്രോമയും സ്ട്രസ്സും പിസിഒഡിയുമൊക്കെയുണ്ട്. റെഗുലര്‍ ചെക്കപ്പിനായി ഒരു ദിവസം പോയി. വേറൊരു കുഴപ്പങ്ങളുമുണ്ടായിരുന്നില്ല. ചുമയ്ക്കുമ്പോള്‍ കഫം കുറച്ചധികം വരും. തൊണ്ട എപ്പോഴും ക്ലിയര്‍ ചെയ്തു കൊണ്ടിരിക്കും. അവതാരക ആയതിനാല്‍ ശബ്ദം എപ്പോഴും ഉപയോഗിക്കണമല്ലോ. അതിന്റെ പ്രശ്‌നമാകും എന്ന് കരുതി.

ഒന്ന് സ്‌കാന്‍ ചെയ്തു നോക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു. ബിഎസ്‌സി നഴ്സിങ് പഠിച്ചയാളാണ്. എന്താണ് നടക്കുന്നതെന്ന് കണ്ടാല്‍ മനസിലാകും. അവര്‍ മാര്‍ക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ മനസിലായി. എന്റെ കാലൊക്കെ തണുക്കാന്‍ തുടങ്ങി. അവരുടെ മുഖമൊക്കെ മാറാന്‍ തുടങ്ങിയിരുന്നു. പിന്നെ അവര്‍ ബയോപ്സി എടുത്ത് നോക്കാമെന്ന് പറഞ്ഞു. എന്റെ കാല് അനങ്ങുന്നില്ല. ഉറഞ്ഞു പോയി. പേടിയായിട്ട് അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അത് പറയരുത് എടുക്കണമെന്ന് അവര്‍ പറഞ്ഞു.ഡോക്ടര്‍ കാന്‍സര്‍ ആകാന്‍ സാധ്യതയുണ്ടെന്ന സൂചന തന്നിരുന്നു. ബയോപ്സിയുടെ റിസള്‍ട്ട് വരാന്‍ 15 ദിവസം കഴിയും. ജീവിതം സ്ലോ ആയിപ്പോയി. റിസള്‍ട്ട് വന്ന ശേഷം വീണ്ടും ഒന്നൂടെ ഉറപ്പിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. വീണ്ടും ബയോപ്സി എടുത്തു. ഈ സമയമത്രയും താന്‍ വീട്ടുകാരുടെ മുന്നില്‍ പേടി കാണിച്ചതേയില്ല. അവരുടെ മുന്നില്‍ ധൈര്യത്തില്‍ തന്നെ നിന്നു. രണ്ടാമത്തെ റിസള്‍ട്ട് വന്നപ്പോള്‍ പണി കിട്ടിയെന്ന് മനസിലായി.

അന്ന് ഡോക്ടര്‍ ഗംഗാധരന്‍ സാറിന്റെ വൈഫിനെയാണ് എനിക്ക് അറിയാവുന്നത്. ചിത്ര മാമിനെ വിളിച്ചിട്ട് ഞാന്‍ ഇക്കാര്യം പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. അവര് ആശ്വസിപ്പിച്ചു. കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. ഫെബ്രുവരിയില്‍ സര്‍ജറി ചെയ്തു. ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സര്‍ജറിയായിരുന്നു. സര്‍ജറിയ്ക്ക് ശേഷം ശബ്ദം മുഴുവന്‍ പോയി. ആറ് മാസം എടുക്കുമെന്നാണ് പറഞ്ഞത്. ഇടത്തെ കൈ ദുര്‍ബലമായിപ്പോയി. ആക്ടിവിറ്റിയൊന്നും നടക്കില്ലായിരുന്നു. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു.'-ജുവല്‍ പറയുന്നു.

ഇന്‍ഷുറന്‍സ് ഒന്നുമില്ലാത്തതിനാല്‍ സേവിങ്‌സ് എടുത്താണ് ചികിത്സയെല്ലാം ചെയ്തതെന്നും ജുവല്‍ പറയുന്നു. 'ആറ് മാസത്തിനുശേഷം റിവ്യൂവിന് പോയി. ഇനി ഉണ്ടാവില്ല എന്ന് മനസിലുറപ്പിച്ചാണ് ഡോക്ടറെ കാണാന്‍ പോയത്. രക്തം പരിശോധിച്ചു. സ്‌കാനും ചെയ്തു. സ്‌ക്കൂളില്‍ നിന്ന് റിപ്പോര്‍ട്ട് കാര്‍ഡ് എടുത്ത് തരുന്നതുപോലെ ഡോക്ടര്‍ എന്റെ റിപ്പോര്‍ട്ട് എടുത്തിട്ട് 'കണ്‍ഗ്രാജുലേഷന്‍സ്‌, യു ആര്‍ ഫ്രീ ഓഫ് കാന്‍സര്‍' എന്ന് പറഞ്ഞു. അപ്പോള്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാകില്ല. 


facebook twitter