+

മുഖ്യമന്ത്രി മദ്യ വ്യാപനത്തിന് പച്ചകൊടി കാട്ടുന്നു; സര്‍ക്കാരിനെതിരെ മുഖപ്രസംഗം

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം സമസ്തയുടെ മുഖപത്രമായ 'സിറാജ്'. 'വാക്കുകൾക്ക് വീര്യം കുറയരുത്' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് സർക്കാരിന്റെ പുതിയ മദ്യനയത്തെ പത്രം രൂക്ഷമായി വിമർശിക്കുന്നത്. സർക്കാരിന്റെ ഈ നടപടി സമൂഹത്തിൽ ദൂരവ്യാപകമായ ദൂഷ്യഫലങ്ങൾ ഉണ്ടാക്കുമെന്നും മുഖപത്രം മുന്നറിയിപ്പ് നൽകുന്നു.

സംസ്ഥാനത്ത് മദ്യവ്യാപനത്തിന് സർക്കാർ പച്ചക്കൊടി കാട്ടുകയാണെന്ന് സിറാജ് കുറ്റപ്പെടുത്തുന്നു. ലഹരിക്കെതിരെ ഒരു വശത്ത് ശക്തമായ പ്രചാരണങ്ങൾ നടത്തുമ്പോൾ മറുവശത്ത് മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത് ഇരട്ടത്താപ്പാണ്. സർക്കാരിന്റെ ഈ പുതിയ തീരുമാനം കൂടുതൽ യുവാക്കളെ മദ്യോപയോഗത്തിലേക്ക് ആകർഷിക്കാൻ മാത്രമേ ഉപകരിക്കൂ. മദ്യത്തെ വീര്യം കൂടിയതെന്നും കുറഞ്ഞതെന്നും തരംതിരിക്കുന്നത് വിഡ്ഢിത്തമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.


എല്ലാ തിന്മകളുടെയും ഉറവിടമായ മദ്യത്തിന്റെ സമ്പൂർണ്ണ നിരോധനമാണ് സുബോധമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ആവശ്യം. മദ്യവർജ്ജനം പരാജയപ്പെട്ട ആശയമാണെന്നിരിക്കെ, വീര്യം കുറഞ്ഞതെന്ന പേരിൽ കൂടുതൽ മദ്യം വിപണിയിലെത്തിക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.


മുമ്പ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ മദ്യത്തിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി, അധികാരത്തിലെത്തിയപ്പോൾ കേവലം വരുമാനം മാത്രം ലക്ഷ്യമിട്ട് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പ്രതീക്ഷിച്ചതല്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു. അടിയന്തരമായി ഈ പുതിയ മദ്യനയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിറാജ് ആവശ്യപ്പെട്ടു.

facebook twitter