സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന 5 ജില്ലകളിൽ മഞ്ഞ അലർട്ടാണ്. തെക്കൻ കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. അടുത്ത രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന വിലക്കുണ്ട്. നദികളിൽ (പ്രത്യേകിച്ച് പമ്പ, അച്ചൻകോവിൽ) ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരവാസികളും, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം ജനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.