കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്കായി (ശരണ്യ ജി.എസ്. മിച്ചൽ) വനം വകുപ്പും പൊലീസും തിരച്ചിൽ ഊർജ്ജിതമാക്കി. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യയെ ഈ മാസം രണ്ടാം തീയതി ഉച്ച മുതലാണ് കാണാതായത്.
കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്റമോൾ കയറാൻ എത്തിയതായിരുന്നു ശരണ്യ. വനം വകുപ്പിന്റെ കൃത്യമായ അനുമതിയോടെയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ള മേഖലയായതിനാൽ പത്തുപേരടങ്ങുന്ന മറ്റൊരു സംഘത്തോടൊപ്പം പോകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശരണ്യയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല.
തനിക്ക് വഴിതെറ്റിയതായി ശരണ്യ താമസിച്ചിരുന്ന ഹോംസ്റ്റേയിലെ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയോ സിഗ്നൽ നഷ്ടപ്പെടുകയോ ചെയ്തതോടെ ബന്ധപ്പെടാൻ സാധിച്ചില്ല. കനത്ത മഞ്ഞും മഴയും കൊടുംകാടും തിരച്ചിലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
നിലവിൽ പൊലീസും വനം വകുപ്പും നാട്ടുകാരുമടങ്ങുന്ന 60 ഓളം പേർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. വനത്തിനുള്ളിൽ ഡ്രോണുകളും സ്നിഫർ ഡോഗുകളെയും ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. ശരണ്യയുടെ സഹോദരൻ നിലവിൽ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പൊലീസ് സ്റ്റേഷനിൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.