കോഴിക്കോട് കൊടുവള്ളിക്കടുത്ത കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പരപ്പാറയിൽ നടന്ന തട്ടിക്കൊണ്ടുപോകുന്ന പിന്നിൽ ഏഴംഗസംഘം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആദ്യം ബൈക്കിൽ എത്തിയ രണ്ടുപേരാണ് അന്നൂസിന്റെ ജേഷ്ഠൻ വിദേശത്തുള്ള അജ്മൽ റോഷനുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ വീട്ടുകാരുമായി തർക്കം നടത്തിയത്.
പിന്നാലെ ആയുധങ്ങളുമായി കാറിൽ വന്ന 5 അംഗസംഘം അന്നൂസിന്റെ പിതാവ് അബ്ദുൽ റഷീദിനെ ബലംപ്രയോഗിച്ച് കാറിനകത്തേക്ക് പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. അതിനിടയിൽ ഭാര്യ ജമീല ഓടിയെത്തി ഇവരെ പിടിച്ചതോടെ റഷീദിനെ ഒഴിവാക്കിയ സംഘം തൊട്ടടുത്തുണ്ടായ മകൻ അന്നൂസിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വെള്ള സ്വിഫ്റ്റ് കാറിന്റെ കെ എൽ 56 എൽ 8306 എന്ന നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾ പരപ്പാറ അങ്ങാടിയിൽ ചായ കുടിക്കാൻ ഇറങ്ങുന്നതിന്റെ ദൃശ്യവും ശേഖരിച്ചിട്ടുണ്ട്. അന്നൂസിന്റെ ജേഷ്ഠൻ അജ്മൽ റോഷനുമായി അക്രമി സംഘത്തിന് 35 ലക്ഷം രൂപയുടെ ഇടപാട് ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതേ സംഘം രണ്ട് തവണ വീട്ടിൽ എത്തി ഭീഷണി മുഴക്കിയിരുന്നു. കൂടാതെ ജോലി ചെയ്യുന്ന കടയിൽ എത്തിയും ഭീഷണി മുഴക്കിയതോടെ അന്നൂസ് ജോലി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അക്രമി സംഘത്തിന്റേത് എന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.