+

കൊട്ടിയൂർ വൈശാഖ മഹോത്സവം;കല പൂജകള്‍ ആരംഭിച്ചു

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ കല പൂജകള്‍ ആരംഭിച്ചു. പൂജയ്ക്കാവശ്യമായ കലങ്ങള്‍ അര്‍ദ്ധരാത്രിയോടെ സന്നിധിയില്‍ എഴുന്നെള്ളിച്ചെത്തിയതോടെയാണ് കല പൂജയ്ക്ക് തുടക്കമായത്.


മകം, പൂരം, ഉത്രം എന്നീ നാളുകളില്‍ രാത്രി ശ്രീഭൂതബലിക്കുശേഷം മണിത്തറയില്‍വെച്ച്  കലപൂജ നടക്കുന്ന സമയത്ത് പൂജാരികള്‍ക്കും, ഓച്ചര്‍ എന്ന വാദ്യസ്ഥാനികനും പന്തക്കിടാങ്ങള്‍ അഥവാ പന്തം പിടിക്കുന്ന സ്ഥാനികര്‍ക്കും മാത്രമെ പൂജകള്‍ കാണാനുള്ള അനുവാദമുള്ളൂ. 

അക്കരകൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിച്ചിരുന്ന ആചാരപരമായ സമയം തിങ്കളാഴ്ച്ച ഉച്ച ശീവേലിയോടെ അവസാനിച്ചതിനാല്‍ സ്ത്രീകള്‍ അക്കരെ സന്നിധാനത്തില്‍ നിന്നും പുറത്തേക്ക് കടന്നു. നേരത്തെ സ്ത്രീകള്‍ക്കുള്ള ദര്‍ശനാനുമതി സമയം തീരുമെന്നതിനാല്‍ സ്ത്രീകള്‍ക്ക് മാത്രമായി ദര്‍ശനത്തിന് പ്രത്യേക ക്യൂ അനുവദിച്ചിരുന്നു.

ശീവേലിക്ക് ശേഷം അടിയന്തര യോഗക്കാരുടെ വക ആനയൂട്ട് നടന്നു,. തുടര്‍ന്ന് രണ്ട് ആനകളും ആദ്യം കിഴക്കെ നടയിലും പിന്നീട് അമ്മാറകല്ലിലും എത്തി. പടിഞ്ഞാറെ നടയില്‍ പൊരുമാളെ വണങ്ങിയ ശേഷം പിന്നോട്ട് നടന്ന് ബാവലി പുഴക്കരയിലെത്തിയ ആനകള്‍ ഇക്കരയിലേക്ക് മടങ്ങി. കലംവരവ് ചടങ്ങ് മുതലുള്ള അഞ്ചുനാള്‍ ഗജവീരന്‍മാരും അലങ്കാരവാദ്യങ്ങളുമില്ലാതെയാണ് സന്നിധിയിലെ ഉത്സവ സമാപനമടക്കമുള്ള പൂജകളും ചടങ്ങുകളും നടക്കുന്നത്. 



More News :
facebook twitter