കൊല്ലം ജില്ലയിൽ നാളെ KSU, ABVP വിദ്യാഭ്യാസ ബന്ദ്

03:35 PM Jul 17, 2025 | വെബ് ടീം

കൊല്ലം: തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ നാളെ എബിവിപി, കെ എസ് യു വിദ്യാഭ്യാസ ബന്ദ്. മിഥുനിന്റെ മരണം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു. സ്കൂൾ അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ബിജെപിയുടെയും എബിവിപി വിദ്യാർത്ഥി സംഘടയുടെയും ആവശ്യം. സ്കൂൾ ഭരിക്കുന്നത് സിപിഎം ഭരണസമിതിയാണെന്ന് ബിജെപി പറയുന്നു.കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് ഒരേപോലെ സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്.