+

കേരളവിഷന്‍ ന്യൂസ് കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ്‌ വിതരണം കൊല്ലത്ത് നടന്നു

കേരളവിഷന്‍ ന്യൂസ് കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നല്‍കുന്ന ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡുകളുടെ ജില്ലാതല വിതരണം കൊല്ലത്ത് നടന്നു. സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. 


കേരളത്തിലെ മികച്ച കുടുംബശ്രി സുക്ഷ്മ സംരംഭക യൂണിറ്റുകള്‍ക്ക് നല്കുന്ന ജില്ലാതല പുരസ്‌കാരങ്ങളുടെ വിതരണോത്ഘാടനമാണ് കൊല്ലത്ത് നടന്നത്. കുടുംബശ്രി യൂണിറ്റുകളില്‍ നിന്ന് വിദഗ്ധരടങ്ങിയ ജൂറി തെരഞ്ഞെടുത്ത ഏറ്റവും മികച്ച 10 മൈക്രോ യൂണിറ്റ് സംരംഭങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി  പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ തന്നെ ചാനല്‍ മേഖലയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളവിഷന്‍ ആണ്. എല്ലാ ജില്ലകളിലും കുടുംബശ്രീ സംരംഭ യൂണിറ്റുകളെ ആദരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കേരളവിഷന്‍ ഉയര്‍ത്തുന്നുവെന്നും മന്ത്രി പറഞ്ഞു.   


തുടര്‍ന്ന് തെരഞ്ഞെടുത്ത 10 കുടുംബശ്രീ സംരഭ യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് മന്ത്രി വിതരണം ചെയ്തു. സഖി ആക്ടിവിറ്റി ഗ്രൂപ്പ് ഓയൂര്‍, ടെന്‍സ്റ്റാര്‍ ആക്ടിവിറ്റി ഗ്രൂപ്പ് -മണപ്പളളി, റോയല്‍ ഡയറി & ഐസ്‌ക്രീം മൈലാപ്പൂര്‍ -ഉമയനല്ലൂര്‍, ഒരുമ തഴപ്പായ യൂണിറ്റ് തഴവ- കുതിരപ്പന്തി, വേണാട് പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടര്‍ -കൊല്ലം, എസോഫ് ഫാഷന്‍ ഡിസൈന്‍ സ്‌കൂള്‍ കടപ്പാക്കട, വിത്രം ചപ്പാത്തി യൂണിറ്റ്- ഇട്ടിവ, ഡച്ചൂസ് ഡേ കെയര്‍ പ്ലാക്കാട്, ഹരിത ജെ എല്‍ ജി ഐവര്‍കാലപ്പടി, മാതാ ക്ലിനിക്കല്‍ ലബോറട്ടറി ചവറ സൗത്ത് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 


സിഒഎ സ്റ്റേറ്റ് ട്രെഷറര്‍ ബിനു ശിവദാസ്,  സിഒഎ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജ്യോതികുമാര്‍ വി.എസ്, സി.ഒ.എ ജില്ലാ പ്രസിഡന്റ്  സുരേഷ് ബാബു, കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ പി.എസ് സിബി, കേരളവിഷന്‍ ന്യൂസ് എം.ഡി പ്രജേഷ് അച്ചാണ്ടി, ഡയറക്ടര്‍മാരായ രജനീഷ്, ഷൂക്കൂര്‍ കോളിക്കര, സുധീഷ് പട്ടണം,  യെല്ലോ ക്ലൗഡ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ശിവപ്രസാദ്.എം, നടിമാരായ സുരഭി ലക്ഷ്മി, സന്ധ്യ രാജേന്ദ്രന്‍, പിന്നണി ഗായിക ലതിക തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളും ടെലിവിഷന്‍-സീരിയല്‍ താരങ്ങളും അണി നിരന്ന വര്‍ണാഭമായ കലാസന്ധ്യയും അരങ്ങേറി.


facebook twitter