സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. രാവിലെ 11 മണി മുതൽ വരണാധികാരികൾക്ക് മുൻപാകെ പത്രികകൾ സമർപ്പിച്ചു തുടങ്ങാം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാനാർത്ഥികളാണ് ഇന്ന് പത്രിക നൽകുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് രാവിലെ 11:30-ഓടെ പറവൂർ അഡീഷണൽ തഹസിൽദാർക്ക് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പ്ലാച്ചിമട സമര സമിതിയാണ് അദ്ദേഹത്തിന് നൽകുന്നത് എന്നത് രാഷ്ട്രീയ ശ്രദ്ധയാകർഷിക്കുന്നു. രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കളും ഇന്ന് പത്രിക സമർപ്പിക്കും. ഇതുവരെ സംസ്ഥാനത്താകെ 607 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചിട്ടുള്ളത്. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.
പത്രികാ സമർപ്പണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുന്നണികൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുകയാണ്. പാലക്കാട് ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിൽ ബി.ജെ.പി - എൽ.ഡി.എഫ് രഹസ്യ ധാരണയുണ്ടെന്ന വി.ഡി. സതീശന്റെ ആരോപണം വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു. എന്നാൽ, സതീശൻ പച്ചക്കള്ളം പറയുകയാണെന്നും കള്ളം പറയുന്നതിൽ നോബൽ സമ്മാനം നൽകാൻ അർഹനാണ് അദ്ദേഹമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തിരിച്ചടിച്ചു.
ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. എന്നാൽ 100 സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വർദ്ധനവ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. ബി.ജെ.പി സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണാർത്ഥമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. പത്രികാ സമർപ്പണം കൂടി കഴിയുന്നതോടെ സ്ഥാനാർത്ഥികൾ റോഡ് ഷോകളിലേക്കും കുടുംബയോഗങ്ങളിലേക്കും സജീവമായി ഇറങ്ങും.