ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്ക്‌ ;കേരളത്തിലുൾപ്പെടെ ജനജീവിതത്തെ ബാധിച്ചേക്കും

05:21 PM Jul 08, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ കേന്ദ്ര തൊഴിലാളി യൂണിയനുകളും ഫെഡറേഷനുകളും നടത്താനിരിക്കുന്ന 24 മണിക്കൂര്‍ അഖിലേന്ത്യ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. വിവിധ മേഖലകളിലെ തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇന്‍ഷുറന്‍സ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍, പാല്‍, പത്രവിതരണം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. സ്വകാര്യ ബസ്സുകളും കെഎസ്ആര്ർടിസി ബസ്സുകളുമടക്കം സർവീസുകളുണ്ടാവില്ല. കടകളടച്ച് പണിമുടക്കണമെന്നാണ് ആഹ്വാനം.കേരളത്തിൽ ജനജീവിതം പൂർണമായും സ്തംഭിക്കാനാണ് സാധ്യത.


More News :

അതേസമയം സംസ്ഥാനത്ത്  പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നു. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നും ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം.