തൃശൂര്‍: വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് വീണത്. വീടിന് അകത്തേക്ക് കയറിയ എംഎല്‍എ മഴയില്‍ ചോര്‍ന്നൊലിച്ച് തളം കെട്ടി നിന്ന വെള്ളത്തില്‍ ചവിട്ടി തെന്നിവീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരിക്കേറ്റ എംഎല്‍എ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
സി സി മുകുന്ദന്‍ എംഎല്‍എയുടെ വീട് ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിപിഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായ ഇറങ്ങിപ്പോകല്‍ വിവാദത്തിനു പിന്നാലെ എംഎല്‍എ തന്നെയാണ് തന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.പതിനെട്ടുലക്ഷത്തിലേറേ വരുന്ന വായ്പാ ബാധ്യതയാണ് സിസി മുകന്ദനുള്ളത്. ബാധ്യത തീര്‍ക്കാന്‍ വീടുവില്‍ക്കുന്നത് ഉള്‍പ്പെടെ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കില്‍ നിന്ന് പത്തുവര്‍ഷം മുന്‍പ് ആറുലക്ഷം രൂപ വായ്പയെടുത്തു. തിരഞ്ഞടുപ്പിനുമുന്‍പ് ഒരുതവണ വായ്പ പുതുക്കി. ഇപ്പോള്‍ കുടിശ്ശിക 18.75 ലക്ഷമായി. ജപ്തിക്കാര്യമറിയിച്ച് ബാങ്കുകാര്‍ പലതവണ കത്തയച്ചിരുന്നു. എംഎല്‍എ ആയതുകൊണ്ടാണ് ഇറക്കിവിടാത്തതെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു.