യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചയ്ക്കായി മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്കി. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് നിവേദനം നല്‍കിയത്. പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൗണ്‍സില്‍ പ്രതിനിധികളായി കെ ആര് സുഭാഷ് ചന്ദ്രന്, എന്‍ കെ കുഞ്ഞമ്മദ് കൂരാച്ചുണ്ട, സജീവ് കുമാര്‍ എന്നിവരെയും കാന്തപുരത്തിന്റെ പ്രതിനിധികളായി ഹുസൈന് സഖാഫി, ഹാമിദ് എന്നിവരെയും ഉള്‍പ്പെടുത്തി സംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ടത്. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെയും സംഘത്തില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ യെമനിലെ ഗോത്രവിഭാഗത്തിന്റെ കയ്യിലുള്ള സനയിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്.