+

കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുകുട്ടികളടക്കം 9 പേർ മരിച്ചു

മുംബൈ: കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറുകുട്ടികളടക്കം ഒരു കുടുംബത്തിലെ ഒൻപതുപേർ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ് ദാരുണ അപകടം. ഇന്ദോർ സ്വദേശികളായ സുനിൽ ദത്താത്രേയ ദർഗോഡെ(35), ഭാര്യ രേഷ്മ(30), മകൾ രാഖി(10), ഇവരുടെ ബന്ധുക്കളായ മാധുരി(13), ശ്രാവണി(11), സമൃദ്ധി(7), ആശ അനിൽ ദർഗോഡെ(32), ആശയുടെ മകൻ ശ്രേയാഷ്(11), മകൾ സൃഷ്ടി(14), എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11.30-ഓടെ നാസിക്കിന് സമീപം ദിൻഡോരി താലൂക്കിലായിരുന്നു അപകടം.ശിവാജിനഗറിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സുനിൽ ദത്താത്രേയ ആണ് വാഹനമോടിച്ചിരുന്നത്.

യാത്രയ്ക്കിടെ കാർ നിയന്ത്രണംവിട്ട് റോഡരികിലെ വെള്ളംനിറഞ്ഞ കൂറ്റൻ കിണറിലേക്ക് മറിഞ്ഞെന്നാണ് നിഗമനം.കിണറ്റിൽ നിറയെ വെള്ളമുള്ളതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായി. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് ക്രെയിനുകൾ ഉപയോഗിച്ച് കാർ പുറത്തെടുക്കാനായത്.ഒൻപതുപേരുടെ മൃതദേഹങ്ങളും കാറിനുള്ളിൽനിന്നാണ് പുറത്തെടുത്തതെന്ന് പോലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു കുട്ടി പുറത്തേക്ക് തെറിച്ചുവീണെന്നാണ് കരുതുന്നത്. ഈ കുട്ടിയ്ക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.


facebook twitter