+

UDF സ്ഥാനാര്‍ത്ഥി രാജന്‍ പല്ലനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി LDF

തൃശ്ശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സ്ഥാനാർത്ഥി പുറത്തിറക്കിയ നോട്ടീസിൽ വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

2015 മുതൽ 2025 വരെയുള്ള കാലയളവിൽ തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ രാജൻ പല്ലൻ സ്വന്തം നേട്ടങ്ങളായി അവതരിപ്പിച്ചെന്നാണ് പ്രധാന പരാതി. പട്ടാളം റോഡ് സഞ്ചാരയോഗ്യമാക്കിയത്, പൂഞ്ഞോൾ റെയിൽവേ മേൽപ്പാലം നിർമ്മാണം, ശക്തൻ ബസ് സ്റ്റാൻഡ് നവീകരണം, പച്ചക്കറി - മത്സ്യ മാർക്കറ്റുകളുടെ ആധുനികവൽക്കരണം തുടങ്ങിയവയെല്ലാം എൽഡിഎഫ് നടപ്പിലാക്കിയ പദ്ധതികളാണ്. ഇവ യുഡിഎഫ് സ്ഥാനാർത്ഥി തന്റെ ഭരണനേട്ടങ്ങളായി പ്രചരിപ്പിക്കുന്നത് വോട്ടർമാരെ കബളിപ്പിക്കാനാണെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഇടതുപക്ഷ സർക്കാരും കോർപ്പറേഷൻ ഭരണസമിതിയും ആവിഷ്കരിച്ച വികസന പ്രവർത്തനങ്ങളെ സ്വന്തം പേരിൽ മാറ്റിയെഴുതാനുള്ള നീക്കം രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും അവർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഇടപെട്ട് വസ്തുതാവിരുദ്ധമായ ഇത്തരം പ്രചരണങ്ങൾ തടയണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. സംഭവത്തിൽ കമ്മീഷൻ സ്വീകരിക്കുന്ന നടപടികൾക്ക് കാത്തിരിക്കുകയാണ് ഇരു മുന്നണികളും._

facebook twitter