+

ടാക്സ് ഇല്ലാത്ത ദുബായ്: സർക്കാർ പണം കണ്ടെത്തുന്നത് എങ്ങനെ?

ദുബായ്! ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് അംബരചുംബികളായ കെട്ടിടങ്ങൾ, ആഡംബര ജീവിതം, പിന്നെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒക്കെയാണ്. പക്ഷെ, ഇതൊന്നുമല്ല ദുബായിയുടെ ഏറ്റവും വലിയ ആകർഷണം. അവിടുത്തെ താമസക്കാർക്ക് ശമ്പളത്തിന് ഒരു രൂപ പോലും നികുതി കൊടുക്കേണ്ട! അതെ, നിങ്ങൾ കേട്ടത് ശരിയാണ്, സീറോ പെർസന്റ് ഇൻകം ടാക്സ്.


അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം വരും, ഈ നികുതിയൊന്നും ഇല്ലെങ്കിൽ പിന്നെങ്ങനെയാണ് ദുബായ് സർക്കാർ ഇത്രയും വലിയ നഗരത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്? റോഡുകളും പാലങ്ങളും മെട്രോയും അടങ്ങുന്ന ഈ ഭീമൻ അടിസ്ഥാന സൗകര്യങ്ങൾക്കെല്ലാം പണം എവിടെ നിന്ന് വരുന്നു? നമുക്ക് നോക്കാം.


നമ്മളിൽ പലരും ഇപ്പോഴും വിശ്വസിക്കുന്നത് ദുബായ് ഓടുന്നത് എണ്ണപ്പണം കൊണ്ടാണെന്നാണ്. എന്നാൽ ആ കാലം മാറി. ഒരു കാലത്ത് പ്രധാന വരുമാനം എണ്ണയായിരുന്നെങ്കിൽ, ഇന്ന് ദുബായുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനത്തിൽ താഴെ മാത്രമാണ് എണ്ണയിൽ നിന്നുള്ള വരുമാനം. ദുബായ് അതിലും വലിയ ഒരു സാമ്പത്തിക മാതൃക ലോകത്തിന് മുന്നിൽ വെച്ചിട്ടുണ്ട്.


വമ്പൻ ബിസിനസുകൾ, വലിയ ലാഭം

ദുബായ് സർക്കാരിന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം വരുന്നത് അവർക്ക് ഉടമസ്ഥാവകാശമുള്ള വമ്പൻ കമ്പനികളിൽ നിന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ വിമാനക്കമ്പനികളിലൊന്നായ 'എമിറേറ്റ്സ് എയർലൈൻ' ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.അതുപോലെ, ദുബായിലെ ടെലികോം കമ്പനികൾ, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുടങ്ങിയവയെല്ലാം സർക്കാരിലേക്ക് കോടിക്കണക്കിന് ദിർഹമാണ് ഓരോ വർഷവും എത്തിക്കുന്നത്.


ഇനി നമുക്ക് നികുതിയുടെ കാര്യത്തിലേക്ക് വരാം. ശമ്പളത്തിന് നികുതിയില്ല എന്നേയുള്ളൂ, മറ്റ് പലതരത്തിലുള്ള നികുതികളും ദുബായിലുണ്ട്.


2018-ൽ ദുബായിൽ വാറ്റ് (VAT) അഥവാ മൂല്യവർധിത നികുതി നിലവിൽ വന്നു. നമ്മൾ വാങ്ങുന്ന മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും 5% വാറ്റ് നൽകണം. എന്നാൽ, ആരോഗ്യം, വിദ്യാഭ്യാസം, ചില അവശ്യ ഭക്ഷ്യവസ്തുക്കൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


അടുത്തിടെ, 2023-ൽ, കോർപ്പറേറ്റ് നികുതിയും പ്രാബല്യത്തിൽ വന്നു. എന്നാൽ ഇത് സാധാരണക്കാരെയോ ചെറിയ ബിസിനസുകളെയോ ബാധിക്കില്ല. വർഷത്തിൽ 3,75,000 ദിർഹത്തിൽ കൂടുതൽ (ഏകദേശം 88 ലക്ഷം രൂപ) ലാഭമുണ്ടാക്കുന്ന വലിയ കമ്പനികൾ മാത്രം 9% നികുതി നൽകിയാൽ മതി.


ഇതുകൂടാതെ, ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏകദേശം 5% കസ്റ്റംസ് ഡ്യൂട്ടി ഉണ്ട്. പുകയില, എനർജി ഡ്രിങ്കുകൾ, മധുരമുള്ള പാനീയങ്ങൾ തുടങ്ങിയവയ്ക്ക് 50 മുതൽ 100% വരെ എക്സൈസ് നികുതിയും ചുമത്തിയിട്ടുണ്ട്. ഹോട്ടൽ താമസത്തിന് 10% വരെ ടൂറിസം നികുതിയും നൽകണം.


ദുബായിലെ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ 'സാലിക്' എന്ന ഇലക്ട്രോണിക് ടോൾ ഗേറ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും. ഓരോ തവണ ഇത് കടന്നുപോകുമ്പോഴും നമ്മുടെ അക്കൗണ്ടിൽ നിന്ന് 4 ദിർഹം ഓട്ടോമാറ്റിക്കായി ഈടാക്കപ്പെടും.ഇതും സർക്കാരിലേക്കുള്ള ഒരു പ്രധാന വരുമാന മാർഗ്ഗമാണ്.


നിങ്ങൾ ദുബായിൽ വാടകയ്ക്കാണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾ അടയ്ക്കുന്ന വാടകയുടെ 5% മുതൽ 10% വരെ ഒരു ഹൗസിംഗ് ഫീസായി നിങ്ങളുടെ വെള്ളം, വൈദ്യുതി ബില്ലിനൊപ്പം (DEWA ബിൽ) ചേർത്ത് ഈടാക്കും.


നിയമങ്ങൾ വളരെ കർശനമായ നാടാണ് ദുബായ്. നിയമം ലംഘിച്ചാൽ കിട്ടുന്ന പിഴയും വളരെ വലുതാണ്. പ്രത്യേകിച്ച് ട്രാഫിക് നിയമങ്ങൾ. ചെറിയൊരു നിയമലംഘനത്തിന് പോലും വലിയ തുക പിഴയായി നൽകേണ്ടി വരും. ഈ പിഴകളിൽ നിന്നും സർക്കാരിന് വലിയൊരു വരുമാനം ലഭിക്കുന്നുണ്ട്.


റിയൽ എസ്റ്റേറ്റും ഫ്രീ സോണുകളും

ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് വിപണികളിലൊന്നാണ് ദുബായ്. ഇവിടെ നടക്കുന്ന ഓരോ കെട്ടിട വിൽപ്പനയിലും വാങ്ങലിലും രജിസ്ട്രേഷൻ ഫീസായി വലിയൊരു തുക സർക്കാരിലേക്ക് പോകുന്നു.

ദുബായിലെ ഫ്രീ സോണുകളെ പറ്റി കേട്ടിട്ടില്ലേ? ഇവിടെ കമ്പനികൾക്ക് 100% വിദേശ ഉടമസ്ഥാവകാശവും നികുതിയിളവുകളും ലഭിക്കും. പക്ഷെ, ലൈസൻസ് ഫീസ്, രജിസ്‌ട്രേഷൻ ഫീസ്, ഇറക്കുമതി/കയറ്റുമതി ചാർജ്ജുകൾ എന്നിങ്ങനെ പലതരത്തിലുള്ള ഫീസുകളിലൂടെ ഫ്രീ സോണുകളും സർക്കാർ വരുമാനത്തിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.


അപ്പോൾ, ശമ്പളത്തിന് നികുതിയില്ലെങ്കിലും പണം കണ്ടെത്താൻ ദുബായ്ക്ക് വഴികളേറെയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിൽ നിന്നുള്ള ലാഭം, വാറ്റ് പോലുള്ള നികുതികൾ, വിവിധ തരം ഫീസുകൾ, പിഴകൾ, റിയൽ എസ്റ്റേറ്റ് വരുമാനം, ടൂറിസം എന്നിവയെല്ലാം ചേർന്നാണ് ദുബായ് എന്ന ഈ അത്ഭുതലോകത്തെ ചലിപ്പിക്കുന്നത്. വളരെ ബുദ്ധിപരമായ ഒരു സാമ്പത്തിക ആസൂത്രണത്തിലൂടെയാണ് ദുബായ് സർക്കാർ തങ്ങളുടെ പൗരന്മാർക്ക് നികുതിയില്ലാത്ത ശമ്പളം എന്ന സൗഭാഗ്യം നൽകുന്നത്.


facebook twitter