ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിലെത്തി

10:02 AM Sep 03, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനാൽ ജനജീവിതം ദുസ്സഹമായി. ഡൽഹി, ഗുരുഗ്രാം, നോയിഡ, പഞ്ചാബ്, ഹരിയാന തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിലെത്തി. ഇനിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 7 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.


More News :

ഡൽഹിയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പ്രധാന റോഡുകളിലടക്കം മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യങ്ങളുണ്ടായി. നഗരത്തിലെ പഴയ ഇരുമ്പ് പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വൻ പ്രളയസാധ്യത മുന്നിൽക്കണ്ട് ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, സ്കൂളുകൾക്ക് അവധിയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ട്.