ഓമനപ്പുഴ കൊലപാതകം: മകള്‍ രാത്രി പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്

09:57 AM Jul 03, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ആലപ്പുഴ ഓമനപ്പുഴയില്‍  പിതാവ് മകളെ കൊലപ്പെടുത്തിയത് മകള്‍ രാത്രി പുറത്തു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ്.  മരിച്ച എയ്ഞ്ചല്‍ ജാസ്മിന്‍ സ്ഥിരമായി പുറത്തു പോയിരുന്നത് പിതാവ് ജോസ്‌മോന്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ തർക്കത്തിൽ  കഴുത്തില്‍ തോര്‍ത്ത് മുറുക്കി ജോസ്‌മോന്‍ എയ്ഞ്ചലിനെ കൊലപ്പെടുത്തുകയായിരുന്നു.  കൊലപാതകം  വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും അറിയാമായിരുന്നു. എന്നാല്‍ മരണം സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചു. സംഭവ സമയത്ത് ജോസ്മോൻ്റെ ഭാര്യ സിന്ധുവും  പിതാവ് സേവ്യറും, മാതാവ് സൂസിയും വീട്ടിലുണ്ടായിരുന്നു.  കേസില്‍ എയ്ഞ്ചലിന്റെ മാതാവ് അടക്കമുള്ളവരെ കേസില്‍  പ്രതിചേര്‍ത്തേക്കും. കഴിഞ്ഞ ദിവസമാണ് 28 കാരിയായ എയ്ഞ്ചലിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലാണ് എയ്ഞ്ചലിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.