+

ആത്മാർഥദാനമെന്ന പേരിൽ ആൾമാറാട്ടവും പണമിടപാടും, ദാരിദ്ര്യം മുതലെടുത്ത് സ്ത്രീകളെ മുൻനിർത്തിയുള്ള കച്ചവടം, തൃശൂർ അവയവ മാഫിയയുടെ കേന്ദ്രമാകുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തൃശൂർ: സംസ്ഥാനത്ത് അവയവക്കച്ചവട ശൃംഖലകൾ വേരൂന്നുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തൃശൂർ ഗവ.മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഡോ ഹിതേഷ്  ശങ്കറാണ് സാമൂഹ്യമാധ്യമത്തിലൂടെ ഗുരുതരമായ ഈ വിവരങ്ങൾ പുറത്തുവിട്ടത്.തിരപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ട് വൻ സാമ്പത്തിക ഇടപാടുകളാണ്  ആൾമാറാട്ടത്തിലൂടെയും വ്യാജകഥകളിലൂടെയും അരങ്ങേറുന്നത്. കൈപ്പമംഗലം,കൊടുങ്ങല്ലൂർ,ചേർത്തല, കൊല്ലം തുടങ്ങിയ തീരപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയാണ് അവയവ മാഫിയ വലയിലാക്കുന്നത് ഏറ്റവും ആശങ്കാജനകമായ കാര്യം അവയവദാതാക്കളിൽ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതാണ്.സ്ത്രീ ദാതാക്കളുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഏറ്റവും ഭീതിജനകമായ പ്രവണത. ഇതിന് പിന്നിൽ സംഘടിതമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.ഒരു ദിവസം പരിഗണിച്ച 8 കേസുകളിൽ 7 എണ്ണത്തിലും സ്ത്രീകളായിരുന്നു ദാതാക്കൾ. ഭർത്താവിന്റെ പരിചയത്തിന്റെ പേരിൽ, രോഗിയെ നേരിട്ട് അറിയാത്ത സാഹചര്യങ്ങളിൽ പോലും 'ആത്മാർത്ഥ ദാനം' എന്ന പേരിൽ കൃത്രിമ കഥകൾ സൃഷ്ടിക്കപ്പെടുകയാണ്. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്ത് സ്ത്രീകൾക്ക് മേൽ സമ്മർദ്ദം ചെലുത്തി ഇതിന് പിന്നിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി സംശയിക്കുന്നു.ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ കർശന നടപടി വേണമെന്ന് ഡോ. ഹിതേഷ് ശങ്കർ ആവശ്യപ്പെട്ടു. 

ഡോക്ടർ ഹിതേഷ് പുറത്തുവിട്ട ഗുരുതര വിവരങ്ങൾ:  

പ്രിയരേ, തൃശൂർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവയവ കച്ചവടത്തിന്റെ ഒരു കേന്ദ്രമായി മാറുന്നുവെന്നത് വളരെ ആശങ്കാജനകമാണ്. പ്രത്യേകിച്ച് കൈപ്പമംഗലം, കൊടുങ്ങല്ലൂർ (ത്രിശ്ശൂർ), ചേർത്തല (ആലപ്പുഴ), കൊല്ലം തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് ലക്ഷ്യമിടുന്നത്.

ജില്ലാതല അംഗീകാര സമിതി നിരസിച്ച കേസുകൾ പോലും ഹൈക്കോടതിയുടെ അനുമതി തേടി വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്നു. അതിലും ഗുരുതരമായി, ചില സാഹചര്യങ്ങളിൽ കോടതിയുടെ നിർദ്ദേശ പ്രകാരം തൃശ്ശൂർ ജില്ലാ സമിതിക്ക് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ള കേസുകൾ പോലും പരിഗണിക്കേണ്ടിവരുന്നു. ഇതിൽ കൂടുതൽ ആശങ്കാജനകമായ മറ്റൊരു വസ്തുത ചില സമിതി അംഗങ്ങൾക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി “അനുമതി നൽകണം” എന്ന സമ്മർദ്ദം ചെലുത്തുന്ന ഫോൺ കോളുകൾ ലഭിക്കുന്നുവെന്നാണ് വിവരം. ഇത് നിർണായകമായ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സംഘടിത ഇടപെടലുകളുടെ സൂചനയാണ്.

                                 ഇന്നത്തെ അവസ്ഥയിൽ ഏറ്റവും ഭീതിജനകമായ ഒരു പ്രവണത സ്ത്രീ ദാതാക്കളുടെ വർധനവാണ്. ഇന്ന് പരിഗണിച്ച 8 കേസുകളിൽ 7 പേരും സ്ത്രീകളായിരുന്നു. ഇവരിൽ പലർക്കും സ്വീകരിക്കുന്ന രോഗിയെ നേരിട്ട് അറിയില്ല. ഭർത്താവിന്റെ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് അവയവദാനം നടത്തുന്നത്. “ആത്മാർത്ഥ ദാനം” എന്ന പേരിൽ കൃത്രിമ കഥകൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ഇതിന് പിന്നിൽ വ്യാപകമായ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ശക്തമായ സംശയങ്ങൾ ഉണ്ട്.

ഇത് മനുഷ്യാവകാശ ലംഘനമാണ്. ദാരിദ്ര്യവും അറിവില്ലായ്മയും ദുരുപയോഗം ചെയ്യുന്നതാണ്പ്രത്യേകിച്ച് സ്ത്രീകളെ ഇത്തരം ശൃംഖലകളിൽ കുടുക്കുന്നത് അതീവ ഗൗരവമുള്ള സാമൂഹിക പ്രശ്നമാണ്.അതിനാൽ രണ്ടിൽ ഒന്ന് സംഭവിക്കണം:

1. അവയവ വാണിജ്യം നിയമപരമായി തുറന്നുവിടുക (അത് ചെയ്യുമ്പോൾ കർശന നിയന്ത്രണങ്ങളോടെ),

അല്ലെങ്കിൽ

2. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കി ഇത്തരം ചൂഷണ ശൃംഖലകളെ തകർക്കുക.

നിശബ്ദമായി നോക്കി നിൽക്കാൻ കഴിയില്ല.ഇത് ആരോഗ്യരംഗത്തിനും സമൂഹത്തിനും ഒരുപോലെ അപകടകരമാണ്.

facebook twitter