പഹല്‍ഗാം ഭീകരാക്രമണം; 28 പേര്‍ കൊല്ലപ്പെട്ടു

07:41 AM Apr 23, 2025 | വെബ് ടീം

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുട് എണ്ണം 28 ആയി.. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്.ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്- ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെത്തും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നോര്‍ക്ക  ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയിട്ടുണ്ട്. മലയാളികള്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങിയത്. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയാണ് ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങിയ വിവരം അറിയിച്ചത്. കശ്മീരില്‍ കുടുങ്ങി പോയ, സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയും പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.