പാലക്കാട് വോട്ടര്‍മാര്‍ക്ക് BJP പണം നല്‍കിയെന്ന് ആരോപണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോൺഗ്രസ്

02:15 PM Apr 08, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയതായി ഗുരുതര ആരോപണം. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിലാണ് സംഭവം. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു.

കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ട ദൃശ്യങ്ങളിൽ, ശോഭാ സുരേന്ദ്രൻ സഞ്ചരിച്ച വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ കാറിൽ നിന്നിറങ്ങി ഒരു വീടിന് മുന്നിലിരുന്ന വയോധികയ്ക്ക് പണം നൽകുന്നത് കാണാം. 5000 രൂപയാണ് ഇത്തരത്തിൽ നൽകിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പണം നൽകിയ ശേഷം ഇവർ തിരികെ വാഹനത്തിൽ കയറി പോയി.


ഈ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരോട് സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നേരിട്ടെത്തി തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. "അടിച്ച് കരണക്കുറ്റി പൊട്ടിക്കും" എന്ന് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സ്ഥാനാർത്ഥിയുടെ ചിത്രം അനുവാദമില്ലാതെ പകർത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശോഭയും ബിജെപി പ്രവർത്തകരും എതിർത്തത്.


സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം പാലക്കാട് ജില്ലാ കളക്ടർ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. സർവൈലൻസ് ടീം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നത് ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. പണം നൽകിയെന്ന് തെളിഞ്ഞാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കമ്മീഷൻ നീങ്ങാൻ സാധ്യതയുണ്ട്.


നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ ഉയർന്നുവന്ന ഈ വിവാദം പാലക്കാട്ടെ രാഷ്ട്രീയ വോട്ടുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. നേരത്തെയും പാലക്കാട് മണ്ഡലത്തിൽ വോട്ടർമാർക്ക് സൗജന്യ കൂപ്പണുകൾ വിതരണം ചെയ്തതടക്കമുള്ള വിവാദങ്ങൾ ബിജെപിക്കെതിരെ ഉയർന്നിരുന്നു. പുതിയ വിവാദത്തിൽ ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.