പെട്രോൾ, ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ; രാജ്യവ്യാപകമായി ലോക്ക്ഡൗണുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി മന്ത്രി ഹർദീപ് സിങ് പുരി

02:53 PM Mar 27, 2026 | വെബ് ടീം

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു. ഡീസലിന് നികുതി ഇല്ല. എന്നാൽ, ചില്ലറ വിൽപനവിലയിൽ കുറവ് വരാൻ സാധ്യതയില്ല.യുദ്ധത്തിന്‍റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വ്യാഴാഴ്ച വീപ്പയ്ക്ക് 107.5 ഡോളറിലേക്കെത്തിയിരുന്നു. പത്തുവർഷത്തിനുശേഷം ആദ്യമായി റഷ്യയുടെ ഇ.എസ്.പി.ഒ. ക്രൂഡ് വില വീപ്പയ്ക്ക് 100 ഡോളറിനു മുകളിലെത്തിയതായും റിപ്പോർട്ടുണ്ട്‌.

അതേ സമയം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. അത്തരം ഒരു നിർദേശവും പരിഗണനയിലില്ല. ഇത്തരം പരിഭ്രാന്തി പരത്തുന്ന നീക്കങ്ങൾ ഉത്തരവാദിത്വമില്ലായ്മയും ദോഷകരവുമാണെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത് ലോക്ക്ഡൗണുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തികച്ചും തെറ്റാണ്. നാം ശാന്തരും ഉത്തരവാദിത്വമുള്ളവരുമാവുകയും ഒറ്റക്കെട്ടായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ഇറാൻ-ഇസ്രയേൽ യുദ്ധത്തെത്തുടർന്നുള്ള ആഗോള ഊർജ-പ്രകൃതിവാതക ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പുരിയുടെ പ്രസ്താവന. ഇന്ധനം, ഊർജം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.അടുത്ത 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ കരുതൽശേഖരം നിലവിൽ ഇന്ത്യയ്ക്കുണ്ട്. ലോകമെമ്പാടുമുള്ള 41-ലധികം വിതരണക്കാരിൽനിന്ന് ഇന്ത്യ ഇപ്പോൾ എണ്ണ വാങ്ങുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

More News :