logo

തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

10:01 AM Apr 23, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിൽ പ്രതി പിടിയിൽ. പ്രതി അസം സ്വദേശി അമിത് ഉറാങ്ങ് തൃശൂർ മാള മേലഡൂരിൽ നിന്നാണ് പിടിയിലായത്.  കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് അകമാണ് പ്രതിയെ പിടികൂടിയത്. മരിച്ച വിജയകുമാറിൻ്റെ വീട്ടിലെ മുൻ ജോലിക്കാരനായിരുന്ന അമിത് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളവും കോടലിയിലെ വിരലടയാളവും ഒന്നു തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.ഇന്നലെയാണ് വിജയകുമാറിനെയും ഭാര്യ മീരയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.