ഹണി ഭാസ്‌കരനെതിരായ സൈബര്‍ ആക്രമണം; കേസെടുത്ത് പൊലീസ്

09:30 AM Aug 23, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

എഴുത്തുകാരി ഹണി ഭാസ്കരനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടന്ന സൈബർ ആക്രമണത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. ഒൻപത് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കർ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഇവർക്കെതിരെ സംഘടിതമായ സൈബർ ആക്രമണം ആരംഭിച്ചത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും കമൻ്റുകളും വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ ഹണി ഭാസ്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.


More News :

ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്നോളജി ആക്ട്, കേരള പൊലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.


പി.ടി. ജാഫർ, അഫ്സൽ കാസിം, നാസർ ഫാക്ട് എന്നിവരുടേതുൾപ്പെടെ ഒൻപത് ഫേസ്ബുക്ക് പ്രൊഫൈലുകളുടെ വിവരങ്ങൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്, സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാവുകയാണ്.