പത്മശ്രീ ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്റെ മൃതദേഹം കാവേരി നദിയിൽ; അന്വേഷണം

04:19 PM May 11, 2025 | വെബ് ടീം

ബെംഗളൂരു: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) മുൻ തലവനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ(70) മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയിൽ ഒഴുകിവന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് നദിയിലൂടെ മൃതദേഹം ഒഴുകിവന്നത്. പ്രദേശവാസികളാണ് കണ്ടെത്തിയത്. ഇവർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്റേതാണെന്ന് തിരിച്ചറിഞ്ഞത്.മെയ് 7 മുതൽ അദ്ദേഹത്തെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് മൈസൂരിലെ വിദ്യാരണ്യപുരം പൊലീസ് സ്റ്റേഷനിൽ അയ്യപ്പന്റെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.