ജോലി വാഗ്ദാനം നൽകി പീഡനം: പാലക്കാട് കോൺഗ്രസ് കൗൺസിലർ ഒളിവിൽ; അന്വേഷണം ഊർജ്ജിതം

11:31 AM Mar 31, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പരാതി ഉയർന്നതിന് പിന്നാലെ പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

പട്ടാമ്പിയിലുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് പ്രശോഭ് യുവതിയെ പീഡിപ്പിച്ചത്. കാറിൽ യാത്ര ചെയ്യവെയും പിന്നീട് താമസസ്ഥലത്തെത്തിച്ചും ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.


യുവതിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശോഭിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി എവിടെയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി സംസ്ഥാനം വിട്ടതായും സൂചനയുള്ളതിനാൽ അയൽ സംസ്ഥാനങ്ങളിലെ പൊലീസിനും വിവരം കൈമാറിയിട്ടുണ്ട്.


സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നതോടെയാണ് കോൺഗ്രസ് നേതൃത്വം ഉടനടി നടപടി സ്വീകരിച്ചത്. പീഡനാരോപണം ഗൗരവകരമാണെന്നും പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി. പരാതി ഉയർന്ന ഉടൻ തന്നെ പ്രശോഭിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തു.

പ്രതിയെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.