ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയെന്ന പരാമർശം നടത്തിയിട്ടില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. കടക്കരപ്പള്ളിയിൽ സി.പി.ഐ കുടുംബസംഗമത്തിന്‍റെ ഉദ്ഘാടനപ്രസംഗത്തിലാണ് വിവാദ പരാമർശത്തോട് പ്രതികരിച്ചത്.എൻ.ജി.ഒ പൂർവകാല നേതൃസംഗമത്തിൽ പോസ്റ്റൽ ബാലറ്റിനെക്കുറിച്ച് ലേശം ഭാവന കലർത്തിയാണ് പറഞ്ഞത്. അസംഭവ്യമായ ഒരുകാര്യം ചിലർ അങ്ങനെ ചെയ്യുന്നുവെന്ന പ്രചാരണവേല നടക്കുമ്പോൾ അവർക്ക് ജാഗ്രത കൊടുക്കാൻ ചെറിയ ഭീഷണിയെന്ന നിലയിലാണ് അത് പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പിലും ആരും ബാലറ്റ് തിരുത്തുകയും തുറന്നുനോക്കിയിട്ടുമില്ല. അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനോടും ഇത്തരം ഒരുസംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പോളിങ് ബൂത്തിൽ ചെയ്യുന്ന വോട്ടിന്‍റെ രഹസ്യം പോസ്റ്റൽ ബാലറ്റിനില്ല. ചില സംഘടനകളുടെ ഭാരവാഹികളാണ് അത് ശേഖരിക്കുന്നത്. 20 വർഷം എം.എൽ.എയായിട്ടും ഒരിക്കൽപോലും കള്ളവോട്ട് ചെയ്യാൻ ആർക്കും പണം കൊടുത്തിട്ടില്ല. കമ്യൂണിസ്റ്റുകാർ പത്രം വായിച്ച് അഭിപ്രായം പറയരുത്. വിവാദമില്ലാതെ നാട് മുന്നോട്ടുപോകില്ല. വാദപ്രതിവാദത്തിലൂടെയാണ് സമൂഹം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.