തിരുവനന്തപുരം പോത്തൻകോട് സുധീഷ് കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് പട്ടിക ജാതി-വര്‍ഗ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 2021 ഡിസംബര്‍ 11ന് ആണ് സുധീഷിനെ പോത്തന്‍കോട് വച്ച് ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തിയത്.
മംഗലപുരം സ്വദേശി സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ 11 പ്രതികളാണ് ഉള്ളത്. കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് കോടതി ഉത്തരവ് ആയി. നെടുമങ്ങാട് പട്ടിക ജാതി-വര്‍ഗ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പ്രതികളുടെ പേരിൽ മറ്റ് നിരവധി ക്രിമിനൽ കേസുകൾ ഉള്ളതിനാൽ ശിക്ഷാ ഇളവിനുള്ള അപേക്ഷ കോടതി അംഗീകരിച്ചില്ല. മുന്നാം പ്രതി ഒട്ടകം രാജേഷ് 2 കൊല കേസുകളിൽ ഉൾപ്പടെ 18 കേസുകളിലെ പ്രതിയാണ്. സാക്ഷികളെ പ്രതികൾ സ്വാധീനിചിരുന്നു എന്നും വിധിക്ക് ശേഷം പ്രോസിക്യൂട്ടർ ടി ഗീനാകുമാരി പ്രതികരിച്ചു.പ്രതികൾക്ക് വധശിക്ഷ നൽകണമായിരുന്നുവെന്ന് സുധീഷിന്റെ അമ്മ ലീല പ്രതികരിച്ചു. മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണ് എന്നും എന്താണ് കാരണമെന്ന് പോലും അറിയില്ല എന്നും ലീല പറഞ്ഞു.
2021 ഡിസംബര്‍ 11ന് ആണ് സുധീഷിനെ പോത്തന്‍കോട് വച്ച് ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തിയത്. കുട്ടികളുടെ മുന്നിലിട്ട് ആണ് പ്രതികൾ സുധീഷിനെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം സുധീഷിന്റെ കാല്‍ പ്രതികൾ വെട്ടിയെടുത്ത് പൊതുവഴിയിൽ ഉപേക്ഷിച്ചു. കേസിലെ ഒന്നാം പ്രതി ഉണ്ണിയുമായി സുധീഷിന് വിരോധം ഉണ്ടായിരുന്നു. ഇതിന്റെ പകയിലാണ് ഉണ്ണി, ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.