+

പ്രൊഫസർ എം കെ സാനു അന്തരിച്ചു

എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു(98) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു.

അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്രവർത്തിച്ച വ്യക്തിയാണ്.എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, ജനപ്രതിനിധി എന്നിങ്ങനെ പല നിലകളിൽ പ്രാഗദ്ഭ്യം തെളിയിച്ച സാനുവിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്. എൺപതിലേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എന്‍.രത്‌നമ്മ. ‌‌‌‌‌മക്കൾ: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോൾസ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജർ, എനർജി മാനേജ്മെന്റ് സർവീസസ്, ദുബായ്).

മരുമക്കൾ: സി.വി.മായ, സി.കെ.കൃഷ്ണൻ (റിട്ട.മാനേജർ, ഇന്ത്യൻ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പൽ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാർ (ഇംഗ്ലിഷ് വിഭാഗം മുൻ മേധാവി, കാലടി സംസ്കൃത സർവകലാശാല), മിനി (ഇലക്ട്രിക്കൽ എൻജിനീയർ, ദുബായ്). 


ചങ്ങമ്പുഴയെക്കുറിച്ചുള്ള ഏറ്റവും ദീപ്തമായ പുസ്തകം സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രമാണ്. ബഷീറിനെപ്പറ്റി ‘ഏകാന്തവീഥിയിലെ അവധൂതൻ’, പി.കെ. ബാലകൃഷ്ണനെപ്പറ്റി ‘ഉറങ്ങാത്ത മനീഷി’, ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെപ്പറ്റി ‘അസ്തമിക്കാത്ത വെളിച്ചം’, ‘യുക്തിവാദി എം.സി. ജോസഫ്’ തുടങ്ങിയ ജീവചരിത്ര രചനകളും പ്രശസ്തമാണ്. ആശാൻ കവിതയെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ട് അദ്ദേഹം.

1983 ല്‍ ജോലിയിൽനിന്ന് വിരമിച്ചു. 1984 ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. 1987 ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽനിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. പക്ഷേ പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി ശ്രീനാരായണ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കർമഗതി എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്‍റെ സഹോദരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന തപസ്വിനി അമ്മയെക്കുറിച്ചുള്ള പുസ്തകമാണ് അവസാനം പ്രസിദ്ധീകരിച്ചത്.  

പ്രധാന കൃതികൾ: ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്: ആശാന്‍ പഠനത്തിന് ഒരു മുഖവുര, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, എം. ഗോവിന്ദന്‍, യുക്തിവാദി എം.സി. ജോസഫ്, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍, അസ്തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി, കര്‍മഗതി, മൃത്യുഞ്ജയം കാവ്യജീവിതം, ഇരുളും വെളിച്ചവും, രാജവീഥി, ചുമരിലെ ചിത്രങ്ങള്‍, പ്രഭാതദര്‍ശനം, അവധാരണം, താഴ്‌വരയിലെ സന്ധ്യ, സഹോദരന്‍ കെ. അയ്യപ്പന്‍.



facebook twitter