+

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാർ-ഗവർണർ പോര് തുടരുന്നു

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാർ-ഗവർണർ പോര് തുടരുന്നു. രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളില്‍ നിന്ന്  വിവാദ ചിത്രം മാറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. ഗവർണർ നിലപാട് തുടരുന്ന സാഹചര്യത്തിൽ  ഔദ്യോഗിക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണോ എന്നതില്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.


സര്‍ക്കാറിന്റെ വിമര്‍ശനം അവഗണിക്കുകയാണ് ഗവര്‍ണര്‍. രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ രാജ്ഭവനിലെ ചടങ്ങുകളില്‍ ഇനി എങ്ങനെ പങ്കെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികള്‍ രാജ്ഭവനില്‍ നടത്തണോ എന്നതില്‍ ആലോചനയുണ്ടാകും. 

പരിസ്ഥിതി ദിനാഘോഷ വിവാദത്തിന് പിന്നാലെ രാജ്ഭവനിലെ പരിപാടികള്‍ക്ക് കൃത്യമായ പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അതില്‍ നടപടി ഒന്നും ആരംഭിച്ചിട്ടില്ല. ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിവാദ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന വിശദീകരണത്തിന് പിന്നാലെയാണ് രാജ്ഭവനില്‍ നിന്ന് കഴിഞ്ഞ ദിവസം സമാനവിവാദം ഉയര്‍ന്നത്. 

വിദ്യാഭ്യാസ മന്ത്രി നടത്തിയത് കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വ്യക്തമാക്കുന്ന ഗവര്‍ണര്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്നതാണ് പ്രതിപക്ഷാമവശ്യം.

facebook twitter