ബോക്സോഫീസിൽ ഇതുവരെ 510 കോടി; കൂലി ഇനി ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

12:42 PM Sep 05, 2025 | വെബ് ടീം

വലിയ പ്രതീക്ഷകളോടെ എത്തിയ രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിന്റെ സിനിമ കൂലി 510 കോടിയാണ് ഇതുവരെ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. രജനികാന്തിന് പുറമേ നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 11 മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പോടെയായിരുന്നു എത്തിയത്.

ഇരുപത്തിയൊന്ന് ദിവസത്തെ പ്രദർശനത്തിന് ശേഷം 282 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്.അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. 400 കോടി കളക്ഷൻ സ്വന്തമാക്കിയതിലൂടെ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു.