അശ്ലീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ച് പണം സമ്പാദിച്ചു എന്നാരോപിച്ച് മാർട്ടിൻ മേനാച്ചേരി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ശ്വേതാ മേനോനെതിരെ കേസെടുത്തത്. ഈ എഫ്‌ഐആറും തുടർനടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ആശ്വാസകരമായ ഇടപെടൽ.
പരാതി വേണ്ടവിധം പരിശോധിക്കാതെയാണ് മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും, കേസ് എടുക്കാൻ മതിയായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ശ്വേതാ മേനോന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നടപടികളുടെ ദുരുപയോഗമാണിതെന്നും, അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പരാതിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഈ വാദങ്ങൾ മുഖവിലയ്‌ക്കെടുത്താണ് ഹൈക്കോടതി കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തത്.
ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട്, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, കീഴ്‌ക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെ, കേസിൽ ശ്വേത മേനോന് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്.