മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 6.25% ൽ നിന്ന് 6.0% ആയി കുറഞ്ഞു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ബുധനാഴ്ച ഈ തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രിൽ 7 ന് ആരംഭിച്ച ആറംഗ പാനലിന്റെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത് .
സമിതിയുടെ ആറംഗങ്ങളും പോളിസി സ്റ്റാൻസ് ന്യൂട്രലിൽ നിന്ന് അക്കോമഡേറ്റീവ് ആയി മാറ്റാൻ തീരുമാനിച്ചു. "ഞങ്ങളുടെ നിലപാട് ലിക്വിഡിറ്റി മാനേജ്മെൻ്റിൽ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളില്ലാതെ പോളിസി റേറ്റ് മാർഗ്ഗനിർദ്ദേശം നൽകുന്നു," ഗവർണർ പറഞ്ഞു.
ഈ വർഷം ആദ്യം സ്ഥാനമേറ്റ ഗവർണർ മൽഹോത്രയുടെ കീഴിലുള്ള തുടർച്ചയായ രണ്ടാമത്തെ നിരക്ക് കുറയ്ക്കലാണിത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ബാഹ്യവും ആഭ്യന്തരവുമായ സമ്മർദ്ദങ്ങൾ നേരിടുന്ന സമയത്താണ് ഈ നീക്കം. അമേരിക്ക ഇന്ത്യൻ കയറ്റുമതിക്ക് 26% തീരുവ നടപ്പാക്കിയതും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.5% വളർച്ച നേടിയെന്നാണ് കണക്കാക്കുന്നത്. ഇത് പാൻഡെമിക്കിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണ്. യുഎസ് തീരുവകൾ ഇന്ത്യയുടെ വളർച്ചാ പ്രൊജക്ഷനിൽ നിന്ന് 20 മുതൽ 40 ബേസിസ് പോയിന്റ് വരെ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇതിന്റെ ഫലമായി ഗോൾഡ്മാൻ സാച്ച്‌സ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ 2025 ലെ ഇന്ത്യയുടെ ജിഡിപി പ്രവചനം 6.3% ൽ നിന്ന് 6.1% ആയി കുറച്ചു. ഇത് ആർബിഐയുടെ 6.7% എന്ന കണക്കിനേക്കാൾ വളരെ താഴെയാണ്.