വൻ ട്രേഡിംഗ്, പഴയ തട്ടകത്തിലേക്ക് പന്ത്; കുൽദീപ് ഇനി ലക്നൗവില്‍

03:24 PM Jun 23, 2026 | വെബ് ടീം

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2027 സീസണിന് മുന്നോടിയായി വമ്പൻ ട്രേഡിംഗ്. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് തൻ്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് മടങ്ങിയെത്തുമ്പോൾ, ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് ലക്‌നൗ സൂപ്പർ ജയന്‍റ്‌സിലേക്ക് മാറും. ഫ്രാഞ്ചൈസികൾ തമ്മിലുള്ള നിർണായക കരാർ ഐപിഎൽ ഗവേണിംഗ് ബോഡി സ്ഥിരീകരിച്ചു.

കുൽദീപ് യാദവിനെ ലക്‌നൗവിന് പകരം നൽകിയാണ് പന്തിനെ ക്യാപിറ്റൽസ് തട്ടകത്തിലേക്ക് തിരിച്ചുവിളിച്ചത്‌. രണ്ടു സീസൺ മുമ്പ്, 27 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് ലക്നൗ സ്വന്തമാക്കിയ പന്ത്, തിരിച്ചെത്തുമ്പോൾ ആ പ്രതിഫലം 15 കോടിയായി ചുരുങ്ങും. അതേസമയം, 13.50 കോടി രൂപയ്ക്കാണ് കുൽദീപ് യാദവ് ലക്നൗവിന്റെ ഭാഗമാകുന്നത്.2025 ൽ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കായിരുന്നു അന്ന് ലക്നൗ പന്തിനെ വാങ്ങിയത്. എന്നാൽ, കഴിഞ്ഞ രണ്ട് സീസണുകളിലും പ്രതീക്ഷക്കൊത്തുയരാൻ പന്തിന് സാധിച്ചില്ല. 2025-ൽ 269 റൺസും 2026-ൽ 312 റൺസുമാണ് താരം നേടിയത്. ഓപ്പണിങ് മുതൽ ഫിനിഷർ വരെ വിവിധ റോളുകളിൽ പരീക്ഷിക്കപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിനായില്ല.