ഉത്രാടനാളില്‍ റെക്കോര്‍ഡ് മദ്യവില്‍പന; കുടിച്ചത് 137 കോടിയുടെ മദ്യം; ഒന്നാമത് കരുനാഗപ്പള്ളി ഔട്ട്ലെറ്റ്

11:55 AM Sep 05, 2025 | വെബ് ടീം

മദ്യമില്ലാതെ മലയാളിക്കെന്ത് ആഘോഷം എന്ന നിലയിലേക്കാണ് പോക്കെന്ന് തോന്നും ഓരോ തവണത്തേയും കുടിയുടെ കണക്ക് പുറത്തുവരുമ്പോൾ.ഇത്തവണയും  ഉത്രാടക്കുടിയിലും റെക്കോര്‍ഡ് തീര്‍ത്ത് മലയാളി മുന്നേറുകയാണ്.  ഉത്രാട നാളിൽ മാത്രം ബെവ്കോ ഷോപ്പ് വഴി വിറ്റത്  137 കോടിയുടെ മദ്യം. 

2024 ൽ 126 കോടിയായിരുന്നു വിൽപ്പന. പതിനൊന്ന് കോടിയിലധികം രൂപയുടെ അധിക മദ്യമാണ് ഈ വർഷം വിറ്റത്. 1.46 കോടിയുടെ മദ്യം വിറ്റ കരുനാഗപ്പള്ളി ബെവ്കോ കൗണ്ടർ ഒന്നാം സ്ഥാനത്തും 1.24  കോടി വിൽപ്പനയുമായി കൊല്ലം ആശ്രാമം രണ്ടാം സ്ഥാനത്തും 1.11 കോടി വിൽപ്പനയുമായി മലപ്പുറം എടപ്പാൾ മൂന്നാം സ്ഥാനത്തുമെത്തി.

കഴിഞ്ഞ ഓണക്കാലത്തെ  ബെവ്കോയുടെ 776 കോടിയുടെ മദ്യവിൽപ്പന ഇത്തവണ 826 കോടിയായി ഉയർന്നു. ഈവർഷം ബെവ്കോയുടെ ആറ് ചില്ലറ വിൽപ്പനശാലകളാണ് ഒരു കോടിയിലേറെ രൂപയുടെ മദ്യം വിറ്റത്. കൺസ്യൂമർഫെഡ് വഴിയുള്ള വിൽപ്പന കണക്ക് കൂടി പുറത്ത് വരുമ്പോൾ മലയാളിയുടെ ഉത്രാട നാളിലെ ഓണക്കുടി 175 കോടിയോട് അടുത്തെത്തുമെന്നാണ് സൂചന.