+

രഞ്ജിത്തിനെ കാരവനിലേക്ക് എത്തിച്ച് തെളിവെടുപ്പ് നടത്തി

 ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. യുവനടിയെ ഉപദ്രവിച്ചെന്ന് പറയപ്പെടുന്ന ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിലെ കാരവാനിലെത്തിച്ചാണ് അന്വേഷണസംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത്.

യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ കഴിഞ്ഞ ദിവസമാണ് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. എറണാകുളം സിജിഎം കോടതിയിൽ നടന്ന വാദത്തിനിടെ, രഞ്ജിത്ത് ചെയ്തത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.


അതേസമയം, രഞ്ജിത്തിന്റെ മോശം ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാൽ തനിക്കെതിരെയുള്ളത് വെറും ഗൂഢാലോചനയാണെന്നാണ് രഞ്ജിത്തിന്റെ വാദം.


കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാനായി കാരവാനിൽ കയറിയപ്പോൾ അവിടെ വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

facebook twitter