കോഴിക്കോട്: വിഴിഞ്ഞം തുറമുഖ പദ്ധതിയും ഉമ്മൻചാണ്ടിയും ഉൾകൊള്ളുന്ന എ.ഐ വിഡിയോയുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച വിഴിഞ്ഞം തുറമുഖം അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ചുറ്റികാണുന്നതിന്റെ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിഡിയോയാണ് ഷാഫി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
പുഞ്ചിരിച്ചു കൊണ്ടു വിഴിഞ്ഞത്തിന്റെ വാർഫിലൂടെ കൈവീശി നടന്നു കാണുന്ന ഉമ്മൻചാണ്ടിയെയാണ് എ.ഐ സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിച്ചിട്ടുള്ളത്. കൈയിൽ ഒരു കവറും ഉമ്മൻചാണ്ടി പിടിച്ചിട്ടുണ്ട്. 'കേരളത്തിനറിയാം' എന്ന അടിക്കുറിപ്പിനോടൊപ്പമാണ് വിഡിയോ ഷാഫി പങ്കുവെച്ചിട്ടുള്ളത്.കൂടാതെ, 'ഞാനിപ്പോൾ ചെല്ലുന്നത് ഒരു പഴയ ഫിലിം കാമറയിൽ ചെന്ന് പതിയാൻ പോകുന്ന ചിത്രത്തിലേക്കല്ല. കഴിഞ്ഞ ഒരുപാട് നാളുകളായി ഞാൻ കാണുന്ന എന്റെ സ്വപ്നത്തിലേക്കാണ്...' എന്ന 'ജേക്കബിന്റെ സ്വർഗരാജ്യം' സിനിമയിലെ നിവിൻ പോളിയുടെ ഡയലോഗും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.