കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയം; ശ്രീനന്ദയ്ക്കായി തെരച്ചിൽ തുടരുന്നു

12:04 PM Apr 10, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദ (15)ക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്. കുട്ടി കാണാതായിട്ട് ഇപ്പോൾ 60 മണിക്കൂറിലധികം പിന്നിട്ടിരിക്കുകയാണ്.

കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20-ഓടെ കുടുംബത്തോടൊപ്പം സെൽഫിയെടുത്ത ശേഷം മറ്റുള്ളവർ വാഹനത്തിനടുത്തേക്ക് പോയപ്പോൾ ശ്രീനന്ദ മറ്റൊരു വഴിയിലേക്ക് മാറുകയായിരുന്നു. 15 മിനിറ്റിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ സംഘം തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


നൂറോളം വരുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് നിലവിൽ തിരച്ചിലിന് നേതൃത്വം നൽകുന്നത്. മാണിക്യധാര വെള്ളച്ചാട്ടവും സമീപത്തെ വ്യൂ പോയിന്റും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് വനമേഖലയിൽ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. ആദ്യം അടിവാരത്തിന് മുകളിൽ നിന്ന് താഴേക്കായിരുന്നു പരിശോധനയെങ്കിൽ ഇപ്പോൾ താഴെ നിന്ന് മുകളിലേക്കാണ് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. കർണാടക പൊലീസിനൊപ്പം കേരളത്തിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്.


തങ്ങളുടെ മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന ഗൗരവകരമായ ആരോപണമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം വേണ്ടത്ര രീതിയിൽ ഊർജിതമല്ലെന്ന് കുടുംബം ആരോപിച്ചു. മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ശ്രീനന്ദയുടെ മാതാപിതാക്കൾ ഇപ്പോഴും ചിക്കമംഗളൂരുവിൽ തന്നെ തുടരുകയാണ്.