കര്‍ണാടകത്തിലെ ചിക്കമംഗളുരുവില്‍ കാണാതായ ശ്രീനന്ദക്കായുള്ള തെരച്ചില്‍ ഇന്നും തുടരും

10:10 AM Apr 10, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിനോദസഞ്ചാരത്തിനിടെ കാണാതായത്. കുട്ടി കാണാതായിട്ട് ഇപ്പോൾ 60 മണിക്കൂറിലധികം പിന്നിട്ടിരിക്കുകയാണ്.

കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ് പെൺകുട്ടിയെ അവസാനമായി കണ്ടത്. വെള്ളച്ചാട്ടത്തോടു ചേർന്നുള്ള ചെങ്കുത്തായ മലനിരകളിലും കാട്ടുപ്രദേശങ്ങളിലും ഇന്നും വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


അതേസമയം, തങ്ങളുടെ മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ ആ ദിശയിലുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ശ്രീനന്ദയുടെ മാതാപിതാക്കൾ ഇപ്പോഴും ചിക്കമംഗളൂരുവിൽ തന്നെ തുടരുകയാണ്. പൊലീസ് സംഘത്തോടൊപ്പം നാട്ടുകാരും തിരച്ചിലിൽ പങ്കുചേരുന്നുണ്ട്.