പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

02:27 PM Apr 10, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. ബാബാ ബുഡൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തെ താഴ്വരയിൽ 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നാല് ദിവസം നീണ്ട തീവ്രമായ തെരച്ചിലിനൊടുവിലാണ് ദാരുണമായ ഈ അന്ത്യം.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. വെള്ളച്ചാട്ടത്തിന് സമീപം കുടുംബത്തോടൊപ്പം സെൽഫിയെടുത്ത ശേഷം കുട്ടി മറ്റൊരു വഴിയിലേക്ക് മാറിപ്പോകുകയായിരുന്നു. പിന്നീട് കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് രാത്രിയോടെ പൊ    ലീസിൽ വിവരമറിയിച്ചു.


കേരള, കർണാടക പോലീസ് സംഘങ്ങളും വനംവകുപ്പും അഗ്നിരക്ഷാസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. നൂറംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സും തെർമൽ ഡ്രോണുകളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പരിശോധനയ്ക്കായി ഉപയോഗിച്ചിരുന്നു. താഴ്വരയുടെ അടിവാരത്തിൽ നിന്ന് മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.


മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന ആരോപണമാണ് ശ്രീനന്ദയുടെ മാതാപിതാക്കൾ നേരത്തെ ഉന്നയിച്ചിരുന്നത്. ലഹരി നൽകി കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയിക്കുന്നതായി അവർ പോലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവിൽ മൃതദേഹം മുകളിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.