സംസ്ഥാനത്ത് കോളറ കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പത്തുവര്‍ഷത്തിനിടെ അഞ്ചുതവണ കോളറ വ്യാപനം റിപ്പോര്‍ട്ട് ചെയ്തു. എട്ടുവര്‍ഷത്തിനിടെ ഇന്നലെ ആദ്യമായി സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയോഗ്യവകുപ്പിന് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചകൾ സംഭവിക്കുന്നു എന്ന ആക്ഷേപവും ഉയരുന്നു.
ഒരു പതിറ്റാണ്ട് കാലമായി സംസ്ഥാനത്ത് കോളറ കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ആണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പത്തുവര്‍ഷത്തിനിടെ അഞ്ചുതവണ കോളറ വ്യാപനം റിപ്പോര്‍ട്ട് ചെയ്തു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2023ല്‍ 26 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ അത് 2024 ആയപ്പോൾ 35 ആയി വര്‍ധിച്ചുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
2014,17 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ എട്ടുവര്‍ഷത്തിനിടെ ഇന്നലെ ആദ്യമായി സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്തു. കവടിയാര്‍ സ്വദേശിയായ 63കാരനാണ് ഇന്നലെ മരിച്ചത്. പ്രദേശത്തെ കുടിവെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചില്ലെന്നും ആരോഗ്യവകുപ്പിന് അനാസ്ഥയെന്നും പരാതി ഉയരുന്നുണ്ട്.
2024 ല്‍ നെയ്യാറ്റിന്‍കരയില്‍ പനി ബാധിച്ചുമരിച്ച യുവാവിന് കോളറയുണ്ടെന്ന് സംശയിച്ചിരുന്നുവെങ്കിലും മരണത്തിന് മുന്‍പ് സാംപിളുകള്‍ ശേഖരിക്കാതിരുന്നതിനാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആയോഗ്യവകുപ്പിന് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചകൾ സംഭവിക്കുന്നു എന്ന ആക്ഷേപം ഉയരുകയാണ്.
മലിനമായ വെള്ളത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് രോഗമുണ്ടാകുന്നത്. നിലവിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വേനല്‍ക്കാലമായതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.