+

തെരുവുനായ്‌ക്കളുടെ ദയാവധം നടപ്പാക്കുന്നത് നീട്ടി ഹൈക്കോടതി; വെച്ചൂച്ചിറയിൽ സ്കൂൾ വിദ്യാർഥിനിയെയടക്കം അഞ്ച് പേരെ ആക്രമിച്ച് തെരുവുനായ

കൊച്ചി: തെരുവുനായ്‌ക്കളുടെ ദയാവധത്തിൽ സർക്കാർ എടുത്ത തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു.ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കാം എന്നായിരുന്നു സർക്കാർ തീരുമാനം.ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ്ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്‌ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്.

സുപ്രീം കോടതി, ഹൈക്കോടതി മുൻ ഉത്തരവുകളുടെയും എബിസി നിയമത്തിന്റെയും അടിസ്ഥാനത്തിൽ ദയാവധം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.തെരുവുനായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് ഈ മാസം പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെന്ന തീരുമാനമുണ്ടായത്. രോഗം വന്നതോ, രോഗം പരത്താൻ സാധ്യതയുള്ളതോ ആയ നായകളെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടെത്തുന്ന മൃഗങ്ങൾ, ഗുരുതരമായി പരുക്കേൽക്കുകയോ ജീവിക്കാൻ സാധ്യതയില്ലെന്ന് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന മൃഗങ്ങൾ എന്നിവയെ ദയാവധം നടത്താം എന്നായിരുന്നു തദ്ദേശവകുപ്പ് തീരുമാനം.

എന്നാൽ 2023ലെ എബിസി നിയമത്തിൽ പറഞ്ഞിരിക്കുന്നത് പേവിഷബാധയുണ്ടെന്ന് കണ്ടാൽ നായകള്‍ക്ക് സ്വാഭാവികമായി ജീവൻ നഷ്ടമാകുന്നതു വരെ ഏകാന്തമായി പാർപ്പിക്കണം എന്നാണ്. സാധാരണ ഗതിയിൽ 10 ദിവസങ്ങൾ കൊണ്ട് അവയ്‌ക്ക് ജീവൻ നഷ്ടപ്പെടും. ഇതു സംബന്ധിച്ച കോടതിയുടെ മുൻ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ദയാവധം തടഞ്ഞത്.

അതേ സമയം  പത്തനംതിട്ട വെച്ചൂച്ചിറയിൽ സ്കൂൾ വിദ്യാർഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ ആക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ ആക്രമണമുണ്ടായത്. സെൻ്റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഹെലീന സാൻറാ ബിജുവിനെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്. ട്യൂഷന് പോകും വഴിയായിരുന്നു ആക്രമണം. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചു.ബൈക്കിൽ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് ആക്രമിച്ചു. 5 പേർക്ക് നായയുടെ കടിയേറ്റതായാണ് വിവരം. പരുക്കേറ്റവരിൽ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. 


More News :
facebook twitter